പ്രശാന്ത് തിക്കോടി

കല്ലുമ്മക്കായയെ ഗർഭം ധരിച്ച കടലുള്ള, ചരക്കുതീവണ്ടിയും പാസഞ്ചർ തീവണ്ടിയും തമ്മിൽ പ്രണയിക്കുന്ന തീവണ്ടിയാപ്പീസുള്ള, കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽ കുഞ്ഞിക്കണ്ണൻ നായരുടെയും സുശീലയുടെയും മകനായി ജനനം.

മഷിത്തണ്ടിന്റെയും വക്ക് പൊട്ടിയ സ്ലേറ്റിൻ്റെയും കുരുത്തംകെട്ട ഓർമ്മകൾ സമ്മാനിച്ചത് പാലൂർ എൽ.പി സ്‌കൂളാണ്. കോലൈസിൻ്റെയും പുളിയച്ചാറിന്റെയും രുചിയുള്ള ഓർമ്മകൾ തീറെഴുതിത്തന്നത് തൃക്കോട്ടൂർ എ.യു.പി സ്‌കൂളാണ്. ലക്കും ലഗാനുമില്ലാത്ത പൊടിമീശക്കാലത്തിന്റെ ഓർമ്മകൾ ഹൃദയത്തിൽ പച്ചകുത്തിത്തന്നത് പയ്യോളി ഹൈസ്‌കൂളാണ്. സൗഹൃദത്തിലും പ്രണയത്തിലും ചരിത്രത്തിലും ബിരുദം സമ്മാനിച്ചത് അക്കേഷ്യയും കാറ്റാടിയും കിന്നാരം പറയുന്ന മുചുകുന്ന് ഗവൺമെൻ്റ് കോളേജാണ്.

ഒന്ന് കരപറ്റാൻ കടൽകടന്നുപോയ പ്രവാസി. ഇന്നും പ്രവാസ ലോകത്തിരുന്ന് ജീവിതത്തിൻ്റെ പ്രാസമൊപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ആദ്യ കവിതാസമാഹാരമായ ‘ചിമ്മാനി നനയുമ്പോൾ’ 2021-ൽ പുറത്തിറങ്ങി.

ഭാര്യ: അശ്വതി

മകൾ: ദക്ഷ

വിലാസം: ശശിപുരം (ഹൗസ്)

                        തിക്കോടി

                         673 529

Shop Now

0