സേതുമാധവന്‍
1942-ല്‍ എറണാകുളം ജില്ലയിലെ ചേന്ദമംഗലം ഗ്രാമത്തില്‍ ജനനം. ശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം സേതുമാധവന്‍ വടക്കേ ഇന്ത്യയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്തു. കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ കീഴില്‍ രണ്ടരവര്‍ഷത്തോളം മുംബൈയിലും പൂനെയിലും രണ്ടരവര്‍ഷത്തോളം തൂമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിലും ജോലി ചെയ്തു. പിന്നീട് റെയില്‍വെ ബോര്‍ഡ് ഡല്‍ഹിയില്‍ രണ്ടുവര്‍ഷക്കാലം ജോലി. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പില്‍ പ്രൊബേഷണറി ഓഫീസറായി ചേര്‍ന്നു.
ആറുവര്‍ഷത്തോളം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി പ്രവര്‍ത്തിച്ച് 2005-ല്‍ വിരമിച്ചു.
പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഡയരക്ടര്‍ബോര്‍ഡ് അംഗമായി മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനം. ഇതേ കാലത്ത് ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് എന്ന സര്‍ക്കാര്‍ പബ്ലിക് സെക്ടര്‍ കമ്പനിയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചു.
അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ചൈന, റഷ്യ, ഈജിപ്ത്, ഇംഗ്ലണ്ട്, ജര്‍മ്മനി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്റ്, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ, തുര്‍ക്കി, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിങ്ങനെ മുപ്പതോളം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് സേതുമാധവന്‍ എന്നത് ഒരു വലിയ പേരും പ്രവര്‍ത്തന മികവുമായി മാറി. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന സമയത്താണ് സേതു എന്ന പേരില്‍ ആദ്യമായി കഥകള്‍ എഴുതിത്തുടങ്ങുന്നത്. ദാഹിക്കുന്ന ഭൂമിയാണ് ആദ്യ കഥ.
200-ലേറെ ചെറുകഥകള്‍ എഴുതി. നോവലുകളും നോവെല്ലകളുമായി പതിനെട്ടോളം പുസ്തകങ്ങളും കഥാസമാഹാരങ്ങളായി ഇരുപതിലേറെ പുസ്തകങ്ങളും ഒരു ലേഖനസമാഹാരവും സേതുവിന്റേതായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്.
പാണ്ഡവപുരം എന്ന നോവല്‍ ഇംഗ്ലീഷ്, ജര്‍മ്മന്‍, ടര്‍ക്കിഷുമടക്കം ഒമ്പത് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടു. അടയാളങ്ങള്‍ എന്ന നോവല്‍ ഇംഗ്ലീഷടക്കം അഞ്ചു ഭാഷകളിലേക്കും നിയോഗം, മറുപിറവി, ആലിയ എന്നീ മൂന്നു നോവലുകള്‍, മൂന്ന് കഥാസമാഹാരങ്ങള്‍ എന്നിവ ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഒട്ടേറെ കഥകളും ചില നോവലുകളും വിദേശഭാഷകളിലെന്നപോലെ വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഞങ്ങള്‍ അടിമകള്‍ എന്ന നോവല്‍ പൂത്തിരുവാതിര രാവില്‍ എന്ന പേരില്‍ ചലച്ചിത്രമാവുകയും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. പാണ്ഡവപുരം മലയാളത്തിലും ബംഗാളിയിലും ചലച്ചിത്രമായി. നിരാകാര്‍ഛായ എന്നതായിരുന്നു ബംഗാളി ചലച്ചിത്രത്തിന്റെ പേര്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ബുക്ക്ട്രസ്റ്റിന്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യഅക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗം, കേന്ദ്ര സാഹിത്യഅക്കാദമിയുടെ മലയാളം ഉപദേശകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാള ഭാഷയ്ക്ക് സേതു നല്‍കിയ സംഭാവനകള്‍ മാനിച്ച് ഹരിതം ബുക്‌സ് സേതുവിന്റെ 6 സ്ത്രീകഥാപാത്രങ്ങളെ അധികരിച്ച് 6 കഥാപാത്രപഠന പുസ്തകങ്ങള്‍ തയ്യാറാക്കുന്നു. ലോകസാഹിത്യത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം.
Shop Now
Products Not Found