തകഴി ശിവശങ്കരപ്പിള്ള
1912 ഏപ്രിൽ 17-ന് ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനനം. അച്ഛൻ: പൊയപള്ളിക്കളത്തിൽ ശങ്കരക്കുറുപ്പ്. അമ്മ: പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവതിയമ്മ. തകഴിയിലെ മലയാളം പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ് സ്‌കൂൾ, വയ്ക്കത്ത് ഹൈസ്‌കൂൾ, കരുവാറ്റ ഹൈ സ്‌കൂൾ, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
പ്ലീഡർ പരീക്ഷ ജയിച്ചശേഷം കേരള കേസരി പത്രത്തിൽ റിപ്പോർട്ടറായി. പിന്നീട് അമ്പലപ്പുഴ മുൻസിഫ് കോടതിയിൽ പി. പരമേശ്വരൻ പിള്ളയുടെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു.
പതിമൂന്നാം വയസ്സിൽ ആദ്യകഥ എഴുതി. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്രവർത്തനത്തിൽ പങ്കാളിയായിരുന്നു. കേരള സാഹിത്യഅക്കാദമിയുടെ അദ്ധ്യക്ഷനായും കേന്ദ്ര സാഹിത്യഅക്കാദമി നിർവ്വാഹകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
തകഴി ആദ്യകാലത്ത് കവിതകൾ എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടു ത്തിയിരുന്നില്ല. ഇരുപത്തിയൊന്ന് കഥാസമാഹാരങ്ങൾ, 39 നോവലുകൾ, ഒരു നാ ടകം, ഒരു യാത്രാവിവരണം, മൂന്ന് ആത്മകഥകൾ എന്നിവയാണ് പ്രധാനപ്പെട്ട രചന കൾ. 1934-ൽ പ്രസിദ്ധീകരിച്ച ത്യാഗത്തിനു പ്രതിഫലം ആണ് ആദ്യനോവൽ.
പത്മഭൂഷൺ, ജ്ഞാനപീഠം, കേന്ദ്ര – കേരള സാഹിത്യഅക്കാദമി പുരസ്കാരങ്ങൾ, എഴുത്തച്ഛൻ പുരസ്‌കാരം, വയലാർ അവാർഡ്, സർവകലാശാല ഡോക്ട്രേറ്റ് ബിരുദം, സാഹിത്യഅക്കാദമിയുടെ വിശിഷ്ടാംഗത്വം തുടങ്ങി ഒട്ടേറെ പുരസ്ക്‌കാര ങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. തകഴിയുടെ പല കഥ കളും നോവലുകളും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
1999 ഏപ്രിൽ 10-ന് അന്തരിച്ചു.
ഭാര്യ: ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മ.